പേരാവൂർ (കണ്ണൂർ) : കടുത്ത വിമർശനങ്ങളുമായി തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വീണ്ടും. സർക്കാരിൻ്റെ വന്യജീവി സംരക്ഷണ നിയമത്തെയും കർഷക വിരുദ്ധ നിലപാടുകളെയും കരിന്തളം വയനാട് വൈദ്യുതി ലൈൻ നിർമാണത്തിൽ കെഎസ്ഇബി സ്വീകരിക്കുന്ന ഒളിച്ചു കളിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് തലശ്ശേരി അതിരുപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച അവകാശ സംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപതാ തലം പര്യടനത്തിൻ്റെ പേരാവൂരിൽ നടത്തിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്താണ് മാർ ജോസഫ് പാംപ്ലാനി വിമർശനങ്ങൾ നടത്തിയത്.
/ചോര കുടിക്കുന്ന മറ്റ് സമുദായ നേതാക്കൾളെ കുറിച്ച് /
മറ്റ് സമുദായങ്ങളെ കൂടി സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്കാ കോൺഗ്രസിന് ഉള്ളതെന്നും എന്നാൽ മറ്റ് ചില സമുദായ സംഘടനകളുടെ നിലപാട് ആ രീതിയിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. പല തരത്തിലുള്ള സമുദായ സംഘടനകൾ ഉണ്ടെങ്കിലും ആരുടെ ചോര കുടിച്ചിട്ടാണെങ്കിലും തങ്ങൾ മാത്രം വളർന്നാൽ മതിയെന്ന് പറഞ്ഞ് വർഗീയതയുടെ തീട്ടൂരങ്ങൾ രാവിലെയും വൈകിട്ടും ഇറക്കുന്ന ചില സമുദായ സംഘടനകളും നേതാക്കളും ഇവിടെയുണ്ട്. മറ്റ് സമുദായങ്ങൾക്ക് അവകാശപ്പെട്ട ഒരു ചില്ലിക്കാശ് പോലും കത്തോലിക്കാ സമുദായം ചോദിച്ചിട്ടില്ല. സൂര്യനുള്ള കാലത്തോളം ചോദിക്കുകയുമില്ല. ഒരു സമുദായം വളരണമെങ്കിൽ ചുറ്റുമുള്ള സമുദായങ്ങളുടെ അവകാശങ്ങൾ കൂടി സംരക്ഷിക്കണം എന്ന് മറ്റാരേക്കാളും അറിവും വിവേകവും ഉള്ള ഒരു സമുദായ സംഘടനയാണ് എകെസിസി തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ക്രൈസ്‌തവരുടെയും സിരകളിൽ ഒഴുകുന്നത് ഒരേ വികാരവും ഒരേ വിചാരവും ഒരേ സാഹോദര്യവുമാണ് എന്ന് സർക്കാർ മനസിലാക്കിയിരുന്നാൽ അവർക്ക് നല്ലത്. നിവർത്തന പ്രക്ഷോഭം, അങ്കമാലി പടിയോല, മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, വൈക്കം സത്യഗ്രഹം, പൗരസമത്വ പ്രക്ഷോഭം എന്നിവയ്ക്കൊക്കെ കത്തോലിക്കാ കോൺഗ്രസ് നേതൃത്വം നൽകിയിട്ടുള്ളതാണ്. എന്ന് അദ്ദേഹം പറഞ്ഞു:
/ അവർക്ക് വിമോചന സമരത്തെ ഇപ്പോഴും പേടി /
വിമോചന സമരം കാണിച്ച് ഞങ്ങളെയാരും പേടിപ്പിക്കേണ്ട എന്ന് ഈയടുത്ത കാലത്ത് ഒരു മന്ത്രി പറഞ്ഞു. 60 കൊല്ലം കഴിഞ്ഞിട്ടും വിമോചന സമരം എന്ന ഒരു ഓർമ ഇന്നും അവരെ ഭയപ്പെടുത്തുന്നു എങ്കിൽ അതിൻ്റെ കാരണം കുടിയേറ്റ കർഷക ജനതയുടെ കരുത്താണ്.
/കർഷകരുടെ പറമ്പിൽ കയറുന്ന കാട്ടുപന്നി കർഷകൻ വളർത്തുന്ന പന്നിയാണ്/
കർഷകരുടെ പറമ്പിൽ കയറുന്ന ഒരു കാട്ടുപന്നിയേയും ഇനി കാട്ടുപന്നിയായി കരുതുന്നില്ല, മറിച്ച് അത് കർഷകരുടെ സ്വന്തം വളർത്തു പന്നിയായി കരുതി കൈകാര്യം ചെയ്യണമെന്ന് മുൻപൊരിക്കൽ പറഞ്ഞു ഒരു ഡിഎഫ്‌ഒയും വൈൽഡ് ലൈഫ് വാർഡനും വിളിച്ചു ഭീഷണിപ്പെടുത്തി ഇനിയും അങ്ങനെ പ്രസംഗിച്ചാൽ കേസെടുക്കാൻ നിർബന്ധിതമാകും എന്ന് പറഞ്ഞു. സർ സിപി പേടിപ്പിച്ചിട്ട് പേടിക്കാത്തവരാണ് ഇവിടുത്തെ കത്തോലിക്കാ കോൺഗ്രസ്, പിന്നെയാണ് ഒരു ഡിഎഫ്‌ഒ. അന്ന് കത്തോലിക്കാ കോൺഗ്രസ് ഉന്നയിച്ച ആവശ്യം നിയമസഭ ബില്ലാക്കി പാസാക്കി ഇനി മേലിൽ കർഷകന്റെ കൃഷിഭൂമി നശിപ്പിക്കുന്ന, ജീവന് ഭീഷണി ഉയർത്തുന്ന സകല മൃഗങ്ങളെയും വെടി വച്ച് കൊല്ലാൻ അവകാശമുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ് കുടിയേറിയ കാലത്ത് ഇതിന്റെയെല്ലാം ഇരട്ടി കാട്ടുപന്നികളേയും കടുവകളേയും കണ്ടവരാണ് കർഷകർ കാട്ടുപന്നിയെയും കടുവയെയും ഇറക്കി വിട്ടാൽ കുടിയേറ്റ കർഷക ജനത ഭയന്ന് പിൻവാങ്ങുമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. വയനാട് റിസർവ് വനത്തിൽ 40000 ഏക്കർ ഭൂമിയിൽ അക്കേഷ്യയും യൂക്കാലിയും വച്ച് പിടിപ്പിച്ചു. വരൾച്ച ഉണ്ടായി. വന്യജീവികൾ ഭക്ഷിക്കാൻ ഒന്നുമില്ലാത്ത അവസ്‌ഥ വനാന്തരത്തിൽ ഉണ്ടാക്കിയത് ഇന്നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിവരദോഷവും കർഷക ദ്രോഹ ചിന്തയോടെ നടത്തിയ ആസൂത്രിത നീക്കമായിരുന്നു. വിവേകമുള്ള ഉദ്യോഗസ്‌ഥരോ മന്ത്രിമാരോ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ വനത്തിൽ പ്ലാവ് നടുമായിരുന്നു. വന്യജീവികൾ കൃഷിയിടത്തിലിറങ്ങിയതിൻ്റെ ഒന്നാം നമ്പർ ഉത്തരവാദികൾ അവിവേകത്തിന്റെ ആൾരൂപങ്ങളായ വനം വകുപ്പ് ഉദ്യോഗസ്‌ഥരാണ് വന്യജീവി സംരക്ഷണ ഭേതഗതി നിയമം കൊണ്ടുവന്നതിനാൽ വനം വകുപ്പ് മന്ത്രിക്കെതിരായി ഒന്നും പറയില്ല. അത് നടപ്പിലാകുമോ എന്ന് ചോദിക്കരുത് മട്ടും ഭാവവും കണ്ടാൽ നടപ്പിലാകില്ല, അവരാരും നടപ്പിലാക്കില്ല, ജനത്തിന് ആർജവമുണ്ടെങ്കിൽ നടക്കും. ഒരു കാട്ടുപന്നിയെ ആരെങ്കിലും വെടി വച്ചു കൊന്നാൽ അതിൻ്റെ പരാതി ഡിഎഫ്ഒയെ വിളിച്ചു പറയുന്നത് ആ കാട്ടുപന്നിയുടെ ഭാര്യയോ മക്കളോ അല്ല, അതൊക്കെ വിളിച്ചു പറയുന്ന സ്വഭാവം മാറ്റാത്തിടത്തോളം കാലം കാട്ടുപന്നികൾ ഇവിടെ വിഹരിക്കും. കർഷകരുടെ കൂട്ടായ്മയും സംഘബലവും കൊണ്ടാണ് നാട്ടിൽ നേട്ടങ്ങൾ ഉണ്ടായത്.
/ റബർ വില 300 വേണം. 250 തരാമെന്ന് വാഗ്ദാനം ചെയ്തവർ തന്നില്ല/
റബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞത് ഞാനല്ല, ഞാൻ പറഞ്ഞത് 300 രൂപയാണ്. അതിൻ്റെ പേരിൽ എന്നോട് ബഹളം വയ്ക്കാൻ ചിലർ വന്നു. എന്നാൽ നിങ്ങൾ വാഗ്ദാനം ചെയ്‌ത ആ 250 രൂപ തരാൻ ഞാനവരോട് പറഞ്ഞു. പക്ഷെ 250 രൂപ ആർക്കും കിട്ടിയില്ല.
/ കരിന്തളം വയനാട് വൈദ്യുതി ലൈനിന് 60 മീറ്റർ ബഫർ സോണുണ്ട്. കെഎസ്ഇബി കർഷകരെ കബളിപ്പിക്കുന്നു/
കരിന്തളം വയനാട് വൈദ്യുതി 420 കെവി ലൈൻ കേന്ദ്ര സർക്കാർ പദ്ധതിയാണ്, ആരെതിർത്താലും നടപ്പിലാക്കും എന്നാണ് കെഎസ്ഇബി പറഞ്ഞത്. കർഷകന് കൂടി സ്വീകാര്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ ഒരുദ്യോഗസ്‌ഥനേയും കർഷകരുടെ പറമ്പിൽ കാല് കുത്താൻ അനുവദിക്കില്ല എന്ന് മാത്രമല്ല ഒരു തൂണ് നാട്ടാൻ ഒരു തൂമ്പായുടെ കുഴിയെടുക്കാൻ സമ്മതിക്കില്ല. ഇത് കൃസ്ത്യാനിക്ക് വേണ്ടിയുള്ള നിലപാടല്ല, മലയോര കർഷക ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള സുചിന്തിതയമായ നിലപാടാണ്. വൈദ്യുതി ലൈൻ കടന്നു പോകുന്നതിന് ചുറ്റും 60 മീറ്റർ ബഫർ സോണാണ്. ഇരു വശത്തും നിർമാണങ്ങൾ നിരോധിച്ചുള്ള ഉത്തരവുകളുണ്ട് എന്ന് മറച്ചു വച്ചാണ് മലയോര ജനതയുടെ കൃഷിഭൂമി ചുളുവിൽ അടിച്ചു മാറ്റാൻ ശ്രമിക്കുന്ന നെറികേടാണ് കെഎസ്ഇബി കാണിക്കുന്നത്.
/ നിയമനം എ ജി എതിർത്തു. എതിർക്കുന്നവരെ എ ജിയാക്കുന്നതും സർക്കാർ/
ഇന്നലെ ജാഥ തുടങ്ങും മുൻപ് തിരുവനന്തപുരത്ത് നിന്ന് ഒരു സമുന്നതനായ നേതാവ് വിളിച്ച് ന്യൂനപക്ഷ അവകാശപരമായ കാര്യങ്ങളിൽ തീരുമാനമുണ്ടായി എന്ന് അറിയിച്ചു. ആ വിഷയം പ്രസംഗിക്കാതിരിക്കാൻ വേണ്ടിയാണ് വിളിച്ചു പറഞ്ഞത്. എന്നാലും മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. 17000 അധ്യാപകർ ആറും ഏഴു കൊല്ലം വേതനമില്ലാതെ ജോലി ചെയ്യുന്ന ഗതികേടിലാണ്. അവരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഒരു ഉത്തരവ് സർക്കാരിന് പുറത്തിറക്കാൻ സാധിക്കുന്നതാണ്. എജി മറിച്ച് ഉപദേശം തന്നു എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. എജി എന്താണ് ഉപദേശിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സർക്കാർ എന്ത് ആഗ്രഹിക്കുന്നുവോ അതനുസരിച്ച് ഉപദേശം കൊടുക്കുന്നവരാണ് സർക്കാർ നിയമിച്ച ഉദ്യോഗസ്‌ഥർ എന്ന് തിരിച്ചറിയാൻ ഞങ്ങളും കഴിക്കുന്നത് അരിയാഹാരം തന്നെയാണ് എന്ന് മുഖ്യമന്ത്രി മറക്കരുത്.
/നിർബന്ധിത മതപരിവർത്തനത്തെ എല്ലാ കാലത്തും എതിർത്തത് ക്രൈസ്തവർ /
രാജ്യത്ത് ഉടനീളം ന്യൂനപക്ഷ പീഢനം നടക്കുകയാണ്. പല ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളും പാസാക്കിയിട്ടുള്ളത് കിരാത നിയമമാണ് സർ സിപി പോലും തോറ്റു പോകുന്നതാണ്. മതപരിവർത്തന നിരോധന നിയമം, നിർബന്ധിത മത പരിവർത്തനം നിരോധിക്കണം എന്നത് മുൻപന്തിയിൽ നിന്ന് പറയുന്നത് ഇവിടെയുള്ള ക്രൈസ്തവരാണ്. പക്ഷെ ഭരണഘടന നൽകുന്ന ചില അവകാശങ്ങളുണ്ട്. ആ അവകാശങ്ങളെ ബോധപൂർവം ഇല്ലായ്‌മ ചെയ്യാൻ ചില രാഷ്ട്രീയ കക്ഷികൾ ബോധപൂർവം ശ്രമിക്കുകയാണ്. നിയമത്തെ ദുർവ്യാഖ്യാനം ചെയ്‌ത് കേസുകളിൽ പെടുത്തുകയാണ്. അത്തരക്കാരെ നിലയ്ക്കു നിർത്താൻ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും തയാറാകണം. അല്ലാത്ത പക്ഷം അവർ കുടി അറിഞ്ഞാണ് ഇതൊക്കെ നടക്കുന്നതെന്ന് പറയേണ്ടതായി വരും.
/തലശ്ശേരി രൂപതയിൽ എകെസിസി യാത്ര സമാപിച്ചു, മാനന്തവാടി രൂപതയിൽ ആരംഭിച്ചു./കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപതാ തലം പര്യടനം പേരാവൂരിൽ ചൊവ്വാഴ്ച പൂർത്തിയായി. ബുധനാഴ്ച്ച, യാത്ര മാനന്തവാടി രൂപതയിൽ പ്രവേശിച്ചു.. രാവിലെ 7.30 ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആയിരങ്ങൾ പങ്കെടുത്ത പേരാവൂരിലെ റാലിക്ക് ശേഷം നടത്തിയ പൊതു സമ്മേളനം തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്‌തു ചെയ് അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായിരുന്നു. എകെസിസി ബിഷപ് ലഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനി മുഖ്യ പ്രഭാഷണം നടത്തി ഗ്ലോബൽ ഡയറക്‌ടർ ഫാ.ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി പ്രഫ ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, അതിരൂപത സെക്രട്ടറി ജിമ്മി ഐത്തമറ്റം, ഫൊറോന പ്രസിഡൻ്റ് ജോർജ് കാനാട്ട്, ആർച്ച് പ്രീസ്‌റ്റ് ഫാ. മാത്യു തെക്കേമുറി, ഫാ.തോമസ് വടക്കേമുറി, ഫാ.സെബാസ്റ്റ്യൻ മുക്കിലക്കാട്ട്, ഫാ.തോമസ് പട്ടാംകുളം. കാ. കുര്യാക്കോസ് കളരിക്കൽ, ഫാ.ജോസഫ് തേനാമാക്കൽ, രൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ സെക്രട്ടറി ഷീജ കാറുകുളം, ബെന്നി പുതിയാപുറം, ബെന്നിച്ചൻ മഠത്തിനകം, ഷാജു എടശേരിയിൽ, മാത്യു വള്ളാംകോട്ട്, ജോസ് പുത്തൻപുര, ജോണി തോമസ് വടക്കേക്കര പ്രസംഗിച്ചു
There are some community leaders here who believe that their community should benefit no matter whose blood they drink - Mar Joseph Pamplani






















